പ്ലസ്‌ടു പെണ്‍കുട്ടി തന്‍റെ കാമുകനെഴുതിയ കുറിപ്പുകള്‍....

പ്ലസ്‌ടു പെണ്‍കുട്ടി തന്‍റെ കാമുകനെഴുതിയ കുറിപ്പുകള്‍.............

രാത്രി
എന്റെ കെ....ക്ക്‌ 11.20 PM


എന്താ എഴുതുക ഒന്നും കിട്ടുന്നില്ല മനസ്സ്‌ ശുന്യമാണ്‌. ഉറക്കമാണെങ്കില്‍ എന്നെ കിടക്കയിലേക്കങ്ങനെ മാടി വിളിക്കുന്നുണ്ട്‌. കണ്ണിലെ കുരു ഇതുവരെ മാറിയിട്ടില്ല. അതിന്റെ വേദന വേറെ..അതൊക്കെ അവിടെ നിക്കട്ടെ എന്തൊക്കെയുണ്ട്‌ വിശേഷം? രണ്ട്‌ ദിവസം ഇവിടെ നിന്ന്‌ ചെയ്യാനുള്ളതൊക്കെ ചെയ്‌തൊ? എന്താ എഴുതിയത്‌ എനിക്ക്‌ മലയാളം അറിയില്ലാന്ന്‌ അല്ലേ? എനിക്ക്‌ മലയാളം മാത്രമല്ല ഒന്നുമറിയില്ല. നിങ്ങള്‌ രാവിലെ കുളിച്ചാ പിന്നെ കുളിക്കലൊന്നുമില്ലേ? രണ്ട്‌ ദിവസമായി ഒരേ ഡ്രസ്സ്‌ തന്നെ വൃത്തി എന്നു പറയുന്ന സാധനം അടുത്തുകൂടെ പോയിട്ടില്ലാ അല്ലേ മറ്റുള്ളവരെ നന്നാക്കാന്‍ നടക്കല്ലേ വല്യ ആള്‌.

പിന്നെ എനിക്ക്‌ സ്‌കൂളില്‍ നിന്ന്‌ കിട്ടിയ ആ കപ്പിന്‌ ബക്കറ്റിലെ പാട്ടയുടെ അത്രവലിപ്പമില്ലാട്ടോ..നമ്മള്‌ ചായ കുടിക്കുന്ന ചെറിയ ഗ്ലാസില്ലേ അത്രേയുള്ളൂട്ടോ കൊരങ്ങാ....പിന്നെ നാളെ രാവിലെ ഞാന്‍ എഴുതില്ലാട്ടോ പേപ്പറില്ലാത്തോണ്ടല്ല..പേപ്പറും പെന്നുമൊക്കെയുണ്ട്‌ വാക്കുകളാണില്ലാത്തത്‌. അവ കിട്ടുമ്പോള്‍ ഒന്നൊപ്പിക്കാന്‍ ശ്രമിക്കാം. ഇത്‌ വെച്ച കല്ലിന്റെ അടിയിലല്ല ഇനി വെക്കുക അതിനടുത്ത്‌ തന്നെയുള്ള പോസ്‌റ്റിനിടയില്‍ വെക്കാം...


മറ്റൊന്ന്‌...........



എന്റെ ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന നിന്റെ മുഖവും നിന്നോടുള്ള സ്‌നേഹവും വര്‍ണ്ണിക്കുന്നതിലുമപ്പുറത്താണ്‌. ഹൃദയം വേദനിക്കുമ്പോഴും ഒറ്റപ്പെട്ടുപോകുമ്പോഴും എനിക്ക്‌ ആശ്വാസം നല്‍കുന്നത്‌ നമ്മള്‍ പങ്ക്‌ വെച്ച നിമിഷങ്ങളാണ്‌. ഈ പറഞ്ഞതൊക്കെ സത്യമല്ല, മുഖം എന്റെ ഓര്‍മ്മയില്‍ എവിടെയുമില്ല. ഞാനത്‌ ഓര്‍ക്കുന്തോറും അതെന്നില്‍ നിന്നകന്ന്‌ പോവും. അപ്പോ പിന്നെ അത്‌ അധികം ഓര്‍ക്കാന്‍ ശ്രമിക്കാറില്ല. മുഖമെന്തിനാ ഓര്‍മ്മയില്‍ അല്ലാതെ തന്നെ ഓര്‍ത്തിരിക്കാന്‍ ഒരുപാട്‌ സുന്ദരനിമിഷങ്ങളുണ്ട്‌. ആദ്യം കണ്ടനാള്‍ മുതല്‍ ഇന്നലെ രാത്രിവരെയുള്ള ഓരോന്നും ഇപ്പോഴും എന്റെ മനസ്സിലുണ്ട്‌. എന്റെ മാത്രം ഓര്‍മ്മയായിട്ട്‌, അതിന്റെ ഒരുഭാഗം പോലും ഞാനാര്‍ക്കും പങ്ക്വെക്കാനിഷ്ട്‌ടപ്പെടുന്നില്ല. കാരണം എന്താന്നറിയോ അതെനിക്ക്‌ വേണം എന്റെ സ്വന്തമായിട്ട്‌. ആറാം തിയ്യതിയല്ലേ ഡല്‍ഹിക്ക്‌ പോകുന്നത്‌. എന്നാ തിരിച്ചു വരിക? കൈയ്യും വീശി ഇങ്ങോട്ട്‌ വരണ്ട, എനിക്കെന്തെങ്കിലും കൊണ്ട്‌ വരണം. പിന്നെ ആനമുട്ട കൊണ്ട്‌ തരാം എന്നായിരിക്കും മനസ്സില്‍. എനിക്കേ അതിമോഹമൊന്നുമില്ല, അവിടെ ബാഗുകള്‍ക്ക്‌ വിലക്കുറവാണെന്ന്‌ ഇന്നലെ രമ്യ പറഞ്ഞു. അങ്ങനെയാണെങ്കില്‍ എനിക്ക്‌ ഒരു കൊച്ചു ബാഗു വാങ്ങിക്കണം. നിറയെ തുന്നല്‍ ചിത്രങ്ങളുള്ള ചെറിയ ബാഗ്‌.