ഒരു മതില്‍ പുരാണം

ഒരു മതില്‍ പുരാണം


ബഷീറിന്‍റെ മതിലുകളെക്കുറിച്ചോ അതല്ലെങ്കില്‍ ചൈനയിലെ വന്‍ മതിലിനെക്കുറിച്ചോ അല്ല ഞാനിവിടെ എഴുതുന്നത്. കുഗ്രാമമായ എന്‍റെ നാട്ടിന്‍ പുറത്തെ ഒരു സാധാരണ മതിലിനെക്കുറിച്ചാണ്. ബഷീറിന്‍റെ മതിലുകളില്‍ അപ്പുറത്ത് പ്രണയം പങ്കുവെക്കാനൊരു നാരായണിയും ബഷീറിന് ബീഡി എത്തിച്ചുകൊണ്ടിരുന്ന പോലീസുകാരനുമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ഞങ്ങളുടെ മതിലിനെ കാത്തു പോന്നത് ഒരു പാവം പോലീസുകാരനാണ്. ഞങ്ങളെല്ലാവരും അദ്ദേഹത്തെ ഐവാന്‍റെ അച്ഛന്‍ എന്നു വിളിച്ചു പോന്നു. അദ്ദേഹത്തിന്‍റെ പേര് അന്നും ഇന്നും ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. പറഞ്ഞു വരുന്നത് അങ്ങേരുടെ വലിയ റബ്ബര്‍ തോട്ടവും വീടും സംരക്ഷിച്ചുകൊണ്ടിരുന്ന വീടിനടുത്ത് വളരെയധികം ഉയരത്തില്‍ കെട്ടിയ മതിലിനെക്കുറിച്ചാ‍ണ്. ആ മതിലിന് മറ്റവകാശികള്‍ ഞങ്ങളുടെയൊക്കെ ഏട്ടന്മാരായിരുന്നു. ടാറിടാത്ത ഗ്രൌണ്ട് പോലുള്ള ആ മതിലിനു വശങ്ങളില്‍ വച്ചാണ് എല്ലാവരും കളിയുടെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയത്. സച്ചിനെപ്പോലെ ബാറ്റുവീശാനും മറഡോണയെപ്പോലെ ഗോളടിക്കാനും ശ്രമിച്ച് എന്‍റെ ഏട്ടന്മാര്‍ വിശമിച്ചു. മഴക്കാലത്ത് ഗോലിയെറിയാനും ആ മതിലു തന്നെ ഞങ്ങളുപയോഗിച്ചു. ഇവിടെ വെച്ചാണ് ഞാന്‍ ആദ്യമായി ക്രിക്കറ്റ് കളിച്ചത്. ആ മതിലിന്‍റെ ഒരറ്റം ബൌണ്ടറി ലൈനാ‍ക്കി എനിക്കു മുതിര്‍ന്നവര്‍ കളിച്ച് തളര്‍ന്നവശരാകുമ്പോള്‍ മാത്രം ഞങ്ങള്‍ ബാറ്റു വീശി. മതിലിനപ്പുറം പന്തു പോയാല്‍ പിന്നെ തിരിച്ചുകിട്ടാന്‍ പാടായതുകാരണം അടിക്കുന്നയാള്‍ ഔട്ടായി.

ഐവന്‍ ഏട്ടന്മാരുടെ സമപ്രായക്കാരായിരുന്നുവെങ്കിലും ഒരിക്കലും അവന്‍ കളിക്കാന്‍ ചേര്‍ന്നില്ല. അവന്‍റെ മമ്മി അവനെ സമ്മതിക്കില്ലായിരുന്നു, ചീത്തകൂട്ടുകെട്ടില്‍ പെട്ട് കേടാവാതിരിക്കാനും ആ മതിലിനെ അങ്ങനെ ഉപയോഗിക്കുന്നതിനോടുള്ള വിരോധവുമായിരിക്കണം അവനെ മമ്മി കളിയില്‍ നിന്ന് വിലക്കുന്നതെന്ന് ഞങ്ങള്‍ രഹസ്യം പറഞ്ഞു. പിന്നീടെപ്പോഴോ വീട്ടിലാരുമില്ലാത്ത സമയങ്ങളില്‍ അവനും ഞങ്ങളോടൊപ്പം ബാറ്റു വീശി. അന്നുമുതലാണ് ഞങ്ങളുടെ നഷ്ടപ്പെട്ട പന്തുകളൊക്കെ ഞങ്ങള്‍ക്കു തിരിച്ചു കിട്ടിത്തുടങ്ങിയത്.

ആ മതിലില്‍ നിന്നാണ് ഞാനാദ്യമായി എഴുതപ്പെട്ട തെറികള്‍ വായിക്കുന്നത്, അവിടെയിരുന്നാണ് ഞാന്‍ രാഷ്ടീയം പഠിച്ചത്, അതെ അവിടെ വെച്ചാണ് ഞാന്‍ മദ്യത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും കേട്ടത് അവിടെ വെച്ച് തന്നെയാണ് അടുത്ത പള്ളിയിലെ തേങ്ങ മോഷ്ടിച്ച് ഞങ്ങളെല്ലാരും തിന്നത്. ഒരിക്കല്‍ പള്ളീലച്ചന്‍ ഞങ്ങളെ കൈയ്യോടെ പിടികൂടുകയും ചെയ്തു. പിന്നീടദ്ദേഹം തന്നെ തേങ്ങ പറിക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ പഞ്ചാര റഹീമിനെ തെങ്ങു കയറ്റി. അവിടെ വെച്ചാണ് ഉമ്മുട്ടിയെന്ന് സ്നേഹത്തോടെ വിളിക്കുന്ന റജീനയോട് തന്‍റെ പ്രണയം തുറന്നു പറയാനാകാതെ മജ്ജ വിറക്കുന്നത് ഞാന്‍ കണ്ടത്! ആ മതിലില്‍ ഞങ്ങളുടെ വ്യക്തി വിദ്വേഷങ്ങളും സമൂഹത്തോട് മുഴുവനുമുള്ള രോഷവും ഞങ്ങള്‍ പ്രകടിപ്പിച്ചു. അന്നതില്‍ കുറിക്കപ്പെട്ട പല ഇരട്ടപ്പേരുകളും മായാതെ കിടക്കുന്നുണ്ടായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് വരെ. ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മകളും ചിന്തകളും സ്വപ്നങ്ങളും കത്തിനിന്ന ആ മതില്‍ മാര്‍ച്ചവസാനം നിലം പൊത്തി. പ്രവാസം തീര്‍ത്ത പച്ച മുറിവുകളുമായി ഞാന്‍ ഓരോ ലീവിന് നാട്ടിലെത്തുമ്പോഴും വളരെയധികം നഷ്ട്ബോധത്തോടെ അവിടെ പോയി നില്‍ക്കാറുണ്ടായിരുന്നു അതില്‍ നിന്ന് ഞാന്‍ വായിച്ചെടുക്കാന്‍ ശ്രമിച്ച പേരുകള്‍ ഇതൊക്കെയായിരുന്നിരിക്കണം.. കുര്‍ബാനി, ഡിമ്മാര്‍, തള്ള, ബന്ധത്തില്‍ കുന്തന്‍, ചാടിക്കളി, ബുള്‍ട്ട്, പച്ചൊളിപ്പ്, പഞ്ചാര, അമ്മേട്ടന്‍, ജുരേജ്, അണ്ണന്‍, ചോളാണ്ടി, മുള്ളുത്തി, പൊറാട്ട, രണ്ടട്ടി, കല്ലട, മജ്ജ, മാമുത്തന്‍..ഇവരോരുത്തരും ഒരൊന്നൊന്നര കഥാപാത്രങ്ങളായിരുന്നു. ഐവനിപ്പോള്‍ ഏതോ ഐ ടി കമ്പനിയില്‍ ജോലി ചെയ്യുകയാണെന്ന് ആരോ പറഞ്ഞറിഞ്ഞു. മതിലില്‍ നിന്ന് ഞാന്‍ വായിച്ചെടുക്കാന്‍ ശ്രമിച്ച പേരിന്‍എറെ യഥാര്‍ത്ഥ അവകാശികളൊക്കെയും കുടിയറ്റവരായി അന്യനാടുകളില്‍ കഴിയുന്നു, ഓരോരുത്തര്‍ക്കും ഓരോ സമയത്ത് ലീവ് കിട്ടുന്നതുകൊണ്ട് ഒരിക്കലും നേരില്‍ കാണാനും പറ്റാറില്ല, അല്ലെങ്കില്‍ തന്നെ ഇനി അതെങ്ങനെ സാധ്യമാക്കാനാണ്. പള്ളിത്തൊടിയിലെ തേങ്ങ കട്ട് മതിലിരുന്ന് ഒരിക്കല്‍ കൂടി എല്ലാരുമൊത്ത് അവിടെയൊന്നിരിക്കണം എന്ന് നാടെന്ന ഓര്‍മ്മ മനസ്സിലെത്തുമ്പോഴൊക്കെ ആലോചിക്കാറുണ്ട്, അപ്പോഴേക്കും കൂടെയെത്തുന്ന കഠിനമായ മറ്റ് യാഥാര്‍ഥ്യങ്ങള്‍ (റൂമിലെത്തിയാലുടന്‍ നെറ്റ് കണക്റ്റ് ചെയ്ത് ഭാര്യക്ക് വിളിക്കണം, തുണി അലക്കണം, കുബ്ബൂസിലേക്ക് തൊട്ടു നക്കാന്‍, മറ്റൊന്നുമല്ല കെട്ടോ കറിവെക്കണം...അങ്ങനെയങ്ങനെ ) എത്രപെട്ടെന്നാണ് എന്നെ പിന്നോട്ട് വലിക്കുന്നത്.

Read more...

Not only Romantic..but

പൈങ്കിളി പ്രണയ ലേഖനമല്ലിത്
 

എന്‍റെ പ്രിയ സുഹൃത്തും ഷാര്‍ജ്ജ വിമാനത്താവളത്തിലെ എയര്‍ അറേബ്യ വിമാന കമ്പനി ജീവനക്കാരനുമായ ഇവന്‍ ഈയ്യിടെ ഒരു പ്രണയ ലേഖനം അയച്ചു.  മലപ്പുറം ജില്ലയിലെ മമ്പാട്ടിലേക്ക് പോസ്റ്റ് ചെയ്ത കത്ത് ആര്‍ക്കാകുമെന്ന് തന്നെ വൈമാനിക ലോകത്തുള്ളവര്‍ക്കു കൂടിയറിയം. ഇന്നലെ ഇവന്‍റെ മുറിയിലെ കട്ടിലിന്‍റെ മൂലയില്‍ നിന്ന് ഇതിന്‍റെ എഡിറ്റു ചെയ്യാത്തതും എന്നാല്‍ അധിക പരിണാമത്തിന് വിധേയമായിക്കാണില്ല എന്നു ഞാന്‍ കരുതുന്നതുമായ ഇതിന്‍റെ ഒരു കോപ്പി എനിക്കു കിട്ടി. യഥാര്‍ത്ഥ കോപ്പിയെന്ന് മനസ്സിലാക്കിയ ഞാന്‍ ഇത്തരത്തിലൊരു കൃത്യത്തിന് ഒരുങ്ങിയതിന്‍റെ കാര്യമെന്തെന്നല്ലേ...അവന്‍റെ കാമുകിയും എന്‍റെ പ്രിയ സുഹൃത്തുമായ ഇവളുടെ നിരന്തരമായ ആവശ്യം കല്യാണം ഉടനെ നടത്തണം എന്നതാണ്. എന്നാല്‍ കഥാ നായകനാകട്ടെ അതിലൊട്ടും താല്‍‌പര്യമില്ലാത്തത് പോലെയാണ് പെരുമാറ്റം. ഇത് പ്രവാസ ലോകത്തെ കൂട്ടുകാരൊക്കെ ചര്‍ച്ച ചെയ്യാനും അവനെ ഉപദേശിക്കാനും തുടങ്ങി. അതു കേട്ട് മടുത്തിട്ടാകണം അവനിങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ഞാന്‍ കരുതുന്നു. അതല്ലാതെ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തില്‍ ട്വിറ്റര്‍ വഹിച്ച പങ്കു പോലെയും ഈജിപ്തിലെ ജനാധിപത്യപോരാട്ടങ്ങളില്‍ ഫേസ് ബുക്കും മറ്റ് സാമൂഹിക വെബ്സൈറ്റുകളും വഹിച്ച പങ്കുപോലെയും മറ്റൊരു മഹത്തായ വിപ്ലവത്തിന്‍റെ ആദ്യപടിയൊന്നുമായിരിക്കില്ല ഇതെന്ന് എനിക്ക് നന്നായറിയാം. എങ്കിലും പ്രണയ സാത്ഷാത്കാരം വിവാഹമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന എന്‍റെ ചില സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രമാണ് ഞാനിതിന്‍റെ പകര്‍പ്പ് പോസ്റ്റ് ചെയ്യുന്നത്...പ്രണയിച്ചുകൊണ്ടെയിരിക്കുക അതാണത്രെ ജീവിതം...ഇതിനു പക്ഷെ അവന്‍റെ ചിന്തകളുടെ കൂട്ടുകാരി സമ്മതിക്കുമെന്നു തോന്നുന്നില്ല. കാമുകി കേരളത്തിലെ ഒരു പ്രമുഖ കോളജില്‍ എം എസ് സി മാത്തമാറ്റിക്സ്(കണക്കില്‍ ബിരുദാനന്തര ബിരുദം) ചെയ്യുന്നു
  കത്തുകളിലുടനീളം അവന്‍ ഉപയോഗിച്ച സാഹിത്യ പ്രയോഗങ്ങള്‍ മാര്‍ക്കേസിന്‍റേതോ അതോ മയക്കയേവ്സ്കിയുടേതോ എന്നു ഞാന്‍ അത്ഭുതപ്പെട്ടിരുന്നു!
 
നമുക്കത് ഇങ്ങനെ വായിക്കാം
 

എന്‍റെ കണക്കുകൂട്ടലുകളുടെ ആകത്തുകക്കാരീ,
 
 ഒരു ഗള്‍ഫുകാരന്‍റെ ജീവിതത്തെക്കുറിച്ചുള്ള നിന്‍റെ അറിവുകള്‍ വളരെ തുച്ഛമായിരിക്കും. ‍‍അവ അങ്ങിനെ തന്നെയിരിക്കട്ടെ, എല്ലാ അനുഭവങ്ങളും പങ്കുവെക്കാന്‍ പറ്റാത്തതാണ്. നിന്നോട് സംസാരിക്കുന്ന, നിനക്കെഴുതുന്ന നിമിഷങ്ങളില്‍ ഞാന്‍ അനുഭവിക്കുന്ന അനുഭൂതി എനിക്ക് നല്‍കാന്‍ മറ്റൊന്നിനും ഇതുവരെ ആയിട്ടില്ല.   നിന്നെക്കുറിച്ചെഴുതുമ്പോള്‍ മാത്രമാണ് എന്‍റെ ഭാഷ ഭാവ തീവ്രമാകുന്നതെന്ന് എന്‍റെ ചങ്ങാതിയും പ്രശസ്ത പത്രപ്രവര്‍ത്തകനും നിരൂപകനും ആകേണ്ടിയിരുന്ന'---------'പറയുമായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നുന്നു അത്രക്കേറെ ഞാനെഴുതിയിട്ടുണ്ട്, പക്ഷെ അതെല്ലാം ഞാന്‍ ജോലി കഴിഞ്ഞ് ക്ഷീ‍ണിച്ചെത്തുമ്പോള്‍ എനിക്കു കൂട്ടായി എന്നോടൊപ്പം വിശ്രമിക്കാറാണ് പതിവ്. എനിക്കറിയാം നീ നിന്‍റെ ഇടുങ്ങിയ ഹോസ്റ്റല്‍ മുറിയുടെ ഗുപ്ത സൌന്ദര്യം ആസ്വദിച്ചോ അല്ലെങ്കില്‍ ഇനിയും വായിക്കാനും കണ്ടുപിടിക്കാനും പറ്റാത്ത സഖ്യകളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളിലൊ ആയിരിക്കും, അല്ലെങ്കില്‍ അതിലേറെ ഞാനും നീയുമൊന്നിച്ചുള്ള സ്വപ്നങ്ങളിലൂടെയുള്ള ഉലാത്തലിലായിരിക്കും.
എന്താണ് നിന്‍റെ 'മുറി'പകുത്തകൂട്ടുകാരിയുടെ വര്‍ത്തമാനങ്ങള്‍? അവള്‍ക്കിപ്പോഴും നമ്മുടെ പ്രിന്‍സിയെ പേടിയാ‍ണോ? അല്ലെങ്കില്‍ തന്നെ നമുക്കുരണ്ടുപേര്‍ക്കുമൊഴിച്ച് മറ്റാരാണയാളെ പേടിക്കാതിരിക്കുന്നത്. (അയാള്‍ വരുന്നത് നിനക്ക് മുന്‍‌കൂട്ടി മെസേജ് കിട്ടുമായിരുന്നതു കൊണ്ടും, അനസ് നമുക്ക് കാവല്‍ നില്‍ക്കാറുള്ളതുകൊണ്ടും നമുക്കയാളെ പേടിക്കേണ്ടി വന്നില്ലല്ലോ!!!) ഇപ്പോഴും നിങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍(വേടന്‍) കറുത്ത പര്‍ദ്ദയിടുന്ന തടിച്ച സ്ത്രീ തന്നെയാണല്ലോ. എത്ര പെട്ടെന്നാണ് എല്ലാം അവസാനിച്ചത്. ഓര്‍ക്കാന്‍ വയ്യാത്ത ചെറു നൊമ്പരങ്ങളായി എല്ലാം അവശേഷിക്കുന്നു. ചെറിയച്ചന്‍റെ ഹോട്ടലിലെ ബിരിയാണിയും,ചേച്ചിയുടെ കഞ്ഞിയും, മന്ന ഹോട്ടലിലെ തലേന്നത്തെ പൊറോട്ട ചൂടാക്കിയതും, കാക്കാന്‍റെ പീടികയിലെ ഉപ്പിലിട്ട നെല്ലിക്കയും....ഒരിക്കല്‍ ഞാന്‍ നിനക്ക് നല്‍കിയ ചുംബനത്തെക്കുറിച്ച് നീ പറഞ്ഞത് ഞാനിന്നുമോര്‍ക്കുന്നു എന്‍റെ ചുംബനത്തിന് ബിരിയാണിയുടെ ചുവയാണെന്ന്..ശരിയാണ് ഉച്ചക്ക് ധൃതിപിടിച്ച ഭക്ഷണസമത്ത് നിന്‍റരികിലേക്ക് ഓടിയെത്താനുള്ള ജഗപൊകയില്‍ വായ കഴുകുന്നതിലൊന്നും ഞാനല്ല ഒരു കാമുകനും വിശ്വസിച്ചിരിക്കില്ല.  പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട് ഞങ്ങളൊക്കെ പത്താം ക്ലാസില്‍ വെച്ചവസാനിപ്പിച്ച കണക്കില്‍ ഇനിയുമെന്താണ് നീ പോസ്റ്റ് ഗ്രജ്വേഷനൊക്കെ ചെയ്യുന്നതെന്ന്. ഏതായാലും മാസാവസാനം കിട്ടുന്ന ശമ്പളം വീട്ടിലേക്കയച്ചും മുറിവാടകയും ഹോട്ടല്‍ ബില്ലും കൊടുത്തതിന് ശേഷവും അവശേഷിക്കുന്ന തുക കണക്കുകൂട്ടാന്‍ മൂന്നാം ക്ലാസില്‍ ഇണ്ണിംകുട്ടി മാഷ് കണ്ണുരുട്ടി പഠിപ്പിച്ച കണക്കു തന്നെ ധാരാളം!
 
 
എനിക്കറിയാം നമ്മുടെ വിവാഹം നീണ്ടുപോകുന്നതില്‍ നിനക്ക് വേവലാതിയുണ്ടെന്ന്,
ഇത്തവണ വന്നപ്പോഴും വിവാഹത്തെക്കുറിച്ച് കാര്യമായൊന്നും ഞാന്‍ പറയാത്തതില്‍ നിനക്ക് പരിഭവമുണ്ടെന്നും എനിക്കറിയാം, 
 
എനിക്കറിയാം വിവാഹവും മറ്റുചടങ്ങുകളും ഈ സമൂഹത്തിന്റെ യാഥാസ്ഥിതികതയിലേക്കുള്ള ക്ഷണമാണെന്ന്..
 
മടുപ്പുളവാക്കുന്നതും മുരടിച്ചതുമായ ഒരു ചടങ്ങാണ് വിവാഹമെങ്കിലും നിന്നെ സ്വന്തമാക്കണമെന്ന അതികഠിനമായ ആഗ്രഹത്തിന്‍റെ വലിപ്പക്കണക്കുകള്‍ക്കു മുമ്പില്‍ ഞാന്‍ തോറ്റുപോകുന്നു. ധൃതിപിടിച്ച് ഞാനോടി നാട്ടിലേക്ക് വരുന്നതതെന്തിനാണെന്ന് എന്‍റെ സ്നേഹ നിധികളായ മാതാപിതാക്കളെപ്പോലെ നിനക്കുമറിയാം (സുഹൃത്തുക്കളുടെ വിചാരം അവരെ കാണാനാണെന്നാണല്ലോ പക്ഷെ ഉമ്മക്കറിയാം കെട്ടോ നിന്നെക്കാണാന്‍ മാത്രമാണ് ഞാന്‍ വരുന്നതെന്ന്). പക്ഷെ എന്നിട്ടും നിന്‍റെ പരിഭവങ്ങള്‍ക്കറുതിയാവുന്നില്ലല്ലോ എന്‍റെ പ്രാണ പ്രേയസീ..കഴിഞ്ഞ വരവില്‍ നിന്‍റെ മടിയില്‍ തലവെച്ച് കിടക്കുമ്പോള്‍ എന്നോട് ചോദിച്ചില്ലേ എന്തിനാണ് ഈ രണ്ടു ദിവസത്തിന് മാത്രമായി ഇങ്ങനെ മണ്ടിപ്പാഞ്ഞ് വരുന്നതെന്ന്... മറുപടിയും എന്‍റെ കണ്ണിലേക്ക് നോക്കി നീ തന്നെ പറഞ്ഞല്ലോ.  കമ്പനി വക ടിക്കറ്റ്, എപ്പോള്‍ വേണമെങ്കിലും ലീവ്..ഹൊ എനിക്ക് വയ്യ നാട്ടിലെന്നെക്കുറിച്ച് പ്രചരിക്കുന്ന വര്‍ത്തമാനങ്ങളില്‍ ചിലതാണിവ, അവര്‍ക്കറിയില്ലല്ലോ..വിമാന കമ്പനി എനിക്കു തരുന്ന ടിക്കറ്റിനെക്കുറിച്ചും, രാവും പകലും ഭേദമില്ലാതെ ഞാന്‍ ചെയ്യുന്ന ജോലിയെക്കുറിച്ചും        നീ കരുതുന്നതു പോലെ ഞാനൊരു മുഴു കുടിയനോ സിഗരറ്റ്  വലിക്കാരനോ അല്ല കെട്ടോ. നമ്മുടെ സ്നേഹതീവ്രതയില്‍ അസൂലായുക്കളായ ചില അസാന്മാര്‍ഗ്ഗ ചങ്ങാതിമാരുടെ ഇടപെടലുകളുടെ ഫലമായുണ്ടായ കുപ്രചാരങ്ങളും ഗോസിപ്പുകളും  മാത്രമാണതെന്നു നീ അറിയുക. അല്ലെങ്കില്‍ തന്നെ ഓരോ മണിക്കൂറിലുമുള്ള കുറഞ്ഞ ഇടവേളകളില്‍ സ്മോക്കിംഗ് ലോഞ്ചുകളില്‍ നിന്ന് കത്തിക്കുന്ന മാള്‍ബറൊ പഫിന് ഒരിക്കലും നിന്‍റെ ചുണ്ടുകളുടെ മാധുര്യവും ആഴ്ച്ചാവസാനങ്ങളില്‍ ലഭിക്കുന്ന ഒരൊഴിവു ദിവസത്തില്‍ കഴിക്കാവുന്ന മുഴുവന്‍ പെഗ്ഗുകള്‍ക്കും പെണ്ണേ നിന്‍റെയുടലിന്‍റെ ലഹരിയും പകരാനാവില്ലെന്ന് ആര്‍ക്കാണറിയാത്തത്. എന്നിട്ടും നീ എന്നെ സംശയിച്ചല്ലോ, സാരമില്ല അതൊക്കെയും എന്നോടുള്ള നിന്‍റെ സ്നേഹക്കൂടുതല്‍ കൊണ്ടാണെന്ന് ഉറച്ചു വിശ്വസിക്കുന്നു ഞാന്‍. താമസിയാതെ നിന്‍റരികില്‍ ഓടിയെത്താനും നമ്മുടെ സ്വപ്ന തീരമായ സ്വിറ്റ്സര്‍ലാന്‍ഡിലെ ചെറു ദ്വീപ സമൂഹങ്ങളില്‍ ‍(കരുവാരക്കുണ്ടിലെ തരിശ്) നമ്മുടേതുമാത്രമായ ദിനങ്ങള്‍ സ്വന്തമാക്കാനുമായി ഞാനോടിയെത്തും.
എനിക്ക് നിന്നോട് ഒന്ന് മാത്രമേ പറയാനുള്ളൂ അത് എന്നെ സ്നേഹിക്കുക എന്നതാണ‍്. പിന്നെ ഒന്നുകൂടി പറയാനുള്ളത് എന്നെ സ്നേഹിക്കുക എന്നതുതന്നെയാണ‍്. അടുത്ത ലീവ് വരെയും….പിന്നെത്തെ ലീവ് വരെയും……
സ്നേഹത്തോടെ നിന്‍റെ സ്വപ്നങ്ങളുടെ വൈമാനികന്‍ (നീ അവസരം തന്നാല്‍)

Read more...