ഒരു മതില്‍ പുരാണം

ഒരു മതില്‍ പുരാണം


ബഷീറിന്‍റെ മതിലുകളെക്കുറിച്ചോ അതല്ലെങ്കില്‍ ചൈനയിലെ വന്‍ മതിലിനെക്കുറിച്ചോ അല്ല ഞാനിവിടെ എഴുതുന്നത്. കുഗ്രാമമായ എന്‍റെ നാട്ടിന്‍ പുറത്തെ ഒരു സാധാരണ മതിലിനെക്കുറിച്ചാണ്. ബഷീറിന്‍റെ മതിലുകളില്‍ അപ്പുറത്ത് പ്രണയം പങ്കുവെക്കാനൊരു നാരായണിയും ബഷീറിന് ബീഡി എത്തിച്ചുകൊണ്ടിരുന്ന പോലീസുകാരനുമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ഞങ്ങളുടെ മതിലിനെ കാത്തു പോന്നത് ഒരു പാവം പോലീസുകാരനാണ്. ഞങ്ങളെല്ലാവരും അദ്ദേഹത്തെ ഐവാന്‍റെ അച്ഛന്‍ എന്നു വിളിച്ചു പോന്നു. അദ്ദേഹത്തിന്‍റെ പേര് അന്നും ഇന്നും ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. പറഞ്ഞു വരുന്നത് അങ്ങേരുടെ വലിയ റബ്ബര്‍ തോട്ടവും വീടും സംരക്ഷിച്ചുകൊണ്ടിരുന്ന വീടിനടുത്ത് വളരെയധികം ഉയരത്തില്‍ കെട്ടിയ മതിലിനെക്കുറിച്ചാ‍ണ്. ആ മതിലിന് മറ്റവകാശികള്‍ ഞങ്ങളുടെയൊക്കെ ഏട്ടന്മാരായിരുന്നു. ടാറിടാത്ത ഗ്രൌണ്ട് പോലുള്ള ആ മതിലിനു വശങ്ങളില്‍ വച്ചാണ് എല്ലാവരും കളിയുടെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയത്. സച്ചിനെപ്പോലെ ബാറ്റുവീശാനും മറഡോണയെപ്പോലെ ഗോളടിക്കാനും ശ്രമിച്ച് എന്‍റെ ഏട്ടന്മാര്‍ വിശമിച്ചു. മഴക്കാലത്ത് ഗോലിയെറിയാനും ആ മതിലു തന്നെ ഞങ്ങളുപയോഗിച്ചു. ഇവിടെ വെച്ചാണ് ഞാന്‍ ആദ്യമായി ക്രിക്കറ്റ് കളിച്ചത്. ആ മതിലിന്‍റെ ഒരറ്റം ബൌണ്ടറി ലൈനാ‍ക്കി എനിക്കു മുതിര്‍ന്നവര്‍ കളിച്ച് തളര്‍ന്നവശരാകുമ്പോള്‍ മാത്രം ഞങ്ങള്‍ ബാറ്റു വീശി. മതിലിനപ്പുറം പന്തു പോയാല്‍ പിന്നെ തിരിച്ചുകിട്ടാന്‍ പാടായതുകാരണം അടിക്കുന്നയാള്‍ ഔട്ടായി.

ഐവന്‍ ഏട്ടന്മാരുടെ സമപ്രായക്കാരായിരുന്നുവെങ്കിലും ഒരിക്കലും അവന്‍ കളിക്കാന്‍ ചേര്‍ന്നില്ല. അവന്‍റെ മമ്മി അവനെ സമ്മതിക്കില്ലായിരുന്നു, ചീത്തകൂട്ടുകെട്ടില്‍ പെട്ട് കേടാവാതിരിക്കാനും ആ മതിലിനെ അങ്ങനെ ഉപയോഗിക്കുന്നതിനോടുള്ള വിരോധവുമായിരിക്കണം അവനെ മമ്മി കളിയില്‍ നിന്ന് വിലക്കുന്നതെന്ന് ഞങ്ങള്‍ രഹസ്യം പറഞ്ഞു. പിന്നീടെപ്പോഴോ വീട്ടിലാരുമില്ലാത്ത സമയങ്ങളില്‍ അവനും ഞങ്ങളോടൊപ്പം ബാറ്റു വീശി. അന്നുമുതലാണ് ഞങ്ങളുടെ നഷ്ടപ്പെട്ട പന്തുകളൊക്കെ ഞങ്ങള്‍ക്കു തിരിച്ചു കിട്ടിത്തുടങ്ങിയത്.

ആ മതിലില്‍ നിന്നാണ് ഞാനാദ്യമായി എഴുതപ്പെട്ട തെറികള്‍ വായിക്കുന്നത്, അവിടെയിരുന്നാണ് ഞാന്‍ രാഷ്ടീയം പഠിച്ചത്, അതെ അവിടെ വെച്ചാണ് ഞാന്‍ മദ്യത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും കേട്ടത് അവിടെ വെച്ച് തന്നെയാണ് അടുത്ത പള്ളിയിലെ തേങ്ങ മോഷ്ടിച്ച് ഞങ്ങളെല്ലാരും തിന്നത്. ഒരിക്കല്‍ പള്ളീലച്ചന്‍ ഞങ്ങളെ കൈയ്യോടെ പിടികൂടുകയും ചെയ്തു. പിന്നീടദ്ദേഹം തന്നെ തേങ്ങ പറിക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ പഞ്ചാര റഹീമിനെ തെങ്ങു കയറ്റി. അവിടെ വെച്ചാണ് ഉമ്മുട്ടിയെന്ന് സ്നേഹത്തോടെ വിളിക്കുന്ന റജീനയോട് തന്‍റെ പ്രണയം തുറന്നു പറയാനാകാതെ മജ്ജ വിറക്കുന്നത് ഞാന്‍ കണ്ടത്! ആ മതിലില്‍ ഞങ്ങളുടെ വ്യക്തി വിദ്വേഷങ്ങളും സമൂഹത്തോട് മുഴുവനുമുള്ള രോഷവും ഞങ്ങള്‍ പ്രകടിപ്പിച്ചു. അന്നതില്‍ കുറിക്കപ്പെട്ട പല ഇരട്ടപ്പേരുകളും മായാതെ കിടക്കുന്നുണ്ടായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് വരെ. ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മകളും ചിന്തകളും സ്വപ്നങ്ങളും കത്തിനിന്ന ആ മതില്‍ മാര്‍ച്ചവസാനം നിലം പൊത്തി. പ്രവാസം തീര്‍ത്ത പച്ച മുറിവുകളുമായി ഞാന്‍ ഓരോ ലീവിന് നാട്ടിലെത്തുമ്പോഴും വളരെയധികം നഷ്ട്ബോധത്തോടെ അവിടെ പോയി നില്‍ക്കാറുണ്ടായിരുന്നു അതില്‍ നിന്ന് ഞാന്‍ വായിച്ചെടുക്കാന്‍ ശ്രമിച്ച പേരുകള്‍ ഇതൊക്കെയായിരുന്നിരിക്കണം.. കുര്‍ബാനി, ഡിമ്മാര്‍, തള്ള, ബന്ധത്തില്‍ കുന്തന്‍, ചാടിക്കളി, ബുള്‍ട്ട്, പച്ചൊളിപ്പ്, പഞ്ചാര, അമ്മേട്ടന്‍, ജുരേജ്, അണ്ണന്‍, ചോളാണ്ടി, മുള്ളുത്തി, പൊറാട്ട, രണ്ടട്ടി, കല്ലട, മജ്ജ, മാമുത്തന്‍..ഇവരോരുത്തരും ഒരൊന്നൊന്നര കഥാപാത്രങ്ങളായിരുന്നു. ഐവനിപ്പോള്‍ ഏതോ ഐ ടി കമ്പനിയില്‍ ജോലി ചെയ്യുകയാണെന്ന് ആരോ പറഞ്ഞറിഞ്ഞു. മതിലില്‍ നിന്ന് ഞാന്‍ വായിച്ചെടുക്കാന്‍ ശ്രമിച്ച പേരിന്‍എറെ യഥാര്‍ത്ഥ അവകാശികളൊക്കെയും കുടിയറ്റവരായി അന്യനാടുകളില്‍ കഴിയുന്നു, ഓരോരുത്തര്‍ക്കും ഓരോ സമയത്ത് ലീവ് കിട്ടുന്നതുകൊണ്ട് ഒരിക്കലും നേരില്‍ കാണാനും പറ്റാറില്ല, അല്ലെങ്കില്‍ തന്നെ ഇനി അതെങ്ങനെ സാധ്യമാക്കാനാണ്. പള്ളിത്തൊടിയിലെ തേങ്ങ കട്ട് മതിലിരുന്ന് ഒരിക്കല്‍ കൂടി എല്ലാരുമൊത്ത് അവിടെയൊന്നിരിക്കണം എന്ന് നാടെന്ന ഓര്‍മ്മ മനസ്സിലെത്തുമ്പോഴൊക്കെ ആലോചിക്കാറുണ്ട്, അപ്പോഴേക്കും കൂടെയെത്തുന്ന കഠിനമായ മറ്റ് യാഥാര്‍ഥ്യങ്ങള്‍ (റൂമിലെത്തിയാലുടന്‍ നെറ്റ് കണക്റ്റ് ചെയ്ത് ഭാര്യക്ക് വിളിക്കണം, തുണി അലക്കണം, കുബ്ബൂസിലേക്ക് തൊട്ടു നക്കാന്‍, മറ്റൊന്നുമല്ല കെട്ടോ കറിവെക്കണം...അങ്ങനെയങ്ങനെ ) എത്രപെട്ടെന്നാണ് എന്നെ പിന്നോട്ട് വലിക്കുന്നത്.